കാക്കൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

സാമൂഹ്യചരിത്രം
കാക്കൂര്‍ എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചതിനു പിന്നിലുള്ള കഥ ഇങ്ങനെയാണ്. ഇന്നത്തെ കാക്കൂരങ്ങാടിയുടെ തൊട്ടടുത്ത് അധിവസിക്കുന്ന പാണസമുദായക്കാരുടെ തറവാട്ടുപേരാണ് കാക്കൂര്‍. പണ്ടു പാണന്മാര്‍ പ്രസിദ്ധരായ മന്ത്രവാദികളായിരുന്നു. ഭൂതപ്രേതപിശാചുബാധയില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ രാജാവിനാല്‍ നിയോഗിക്കപ്പെട്ടവരായിരുന്നുവത്രെ പാണന്മാര്‍. നാടിനെ കാക്കുന്നവര്‍ എന്ന അര്‍ത്ഥത്തില്‍ ഊര് കാക്കുന്നവരും കാലാന്തരത്തില്‍ പ്രസ്തുത പ്രയോഗം ലോപിച്ച് കാക്കൂരും ആയി എന്നാണ് കഥ. പണ്ടുകാലത്ത് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും മന്ത്രവാദികളെ അന്വേഷിച്ച് ആളുകള്‍ കാക്കൂരിലേക്കായിരുന്നു വന്നിരുന്നത്. അതായത് പാണരുടെ വീട്ടിലേക്ക്. അങ്ങിനെ ഈ വീടിന്റെ പേര് കാലക്രമേണ ഈ നാടിന്റെ പേരായി. പഴയ കാലത്ത് വിവിധ ജാതികളും, കുലത്തൊഴിലുകളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ ഉച്ചനീചത്തട്ടുകളായി തരംതിരിക്കപ്പെട്ടതും സങ്കീര്‍ണ്ണവുമായ ഒരു സമുദായസംവിധാനവുമാണ് ഇവിടെ നിലനിന്നിരുന്നത്. ഭൂസ്വത്തുക്കള്‍ മുഴുവനും കൈയ്യടക്കിവെച്ചിരുന്നതാകട്ടെ, ബ്രാഹ്മണരും ക്ഷത്രിയരുമായിരുന്നു. തൊഴിലിന്റെ അടിസ്ഥാനത്തില്‍ ജാതിപ്പേരുകളുമുണ്ടായി. ഇവര്‍ താമസിച്ചിരുന്ന സ്ഥലങ്ങളുടെ പേരു പോലും ജാതിയുമായി ബന്ധപ്പെട്ടായിരുന്നു അറിയപ്പെട്ടിരുന്നത്. കാക്കൂരിലെ ചില പറമ്പുകള്‍ ഇന്നും അറിയപ്പെടുന്നത് ആശാരിക്കണ്ടി, മൂശാരിക്കണ്ടി, തട്ടാന്‍കണ്ടി, കൊല്ലന്‍കണ്ടി എന്നീ പേരുകളിലാണ്. ഒരുകാലത്ത് ഈ ഗ്രാമത്തിലെ നാടുവാഴികള്‍ നാലു നായര്‍വീട്ടുകാരായിരുന്നു. എടയാറ്റുചാലില്‍, തൊടുവയില്‍, ഉള്ള്യേരി, ചമ്മില്‍ എന്നിവരായിരുന്നു അവര്‍. കോഴിക്കോട് നഗരത്തില്‍ നിന്നും ഏതാണ്ട് 17 കിലോമീറ്റര്‍ വടക്കുമാറി കാക്കൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. ഒട്ടനവധി ഐതിഹ്യങ്ങളും കെട്ടുകഥകളും ചരിത്രസത്യങ്ങളും നെഞ്ചിലേറ്റി ലാളിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. ഈ ഗ്രാമത്തില്‍ നിന്നും ഒട്ടനവധി ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി നടുവല്ലൂരില്‍ കണ്ടെടുക്കപ്പെട്ട കുടക്കല്ലും നിശ്ചിതമായ ജ്യാമിതീയ അകലത്തില്‍ സ്ഥിതിചെയ്യുന്ന ദശാവതാര പ്രതിഷ്ഠകളും ഈ ഗ്രാമത്തിന്റെ ചരിത്രപ്പഴമയിലേക്കു വിരല്‍ ചൂണ്ടുന്നു. അതുപോലെ ഇന്നത്തെ കുട്ടമ്പൂരിന്റെ പഴയ പേര് കൃഷ്ണപുരം എന്നായിരുന്നു. ഇവിടുത്തെ നെരോത്തങ്ങാടി പ്രസിദ്ധമായ വാണിജ്യകേന്ദ്രമായിരുന്നു എന്നാണ് കഥ. ദശാവതാരത്തില്‍ പെട്ട വിഷ്ണുക്ഷേത്രം ഈ പ്രദേശത്തുള്ളതുകൊണ്ടായിരിക്കാം കൃഷ്ണപുരം എന്ന പേരു കൈവന്നതും പിന്നീട് കുട്ടമ്പൂരായി മാറിയതും. തച്ചുശാസ്ത്രവിദ്യയിലും പേനക്കത്തി നിര്‍മ്മാണത്തിലും പുകള്‍പെറ്റതാണ് കുട്ടമ്പൂര്‍. ഒരു കാലത്ത് കാളപൂട്ട് മത്സരത്തിനു പേരുകേട്ടതായിരുന്നു കുട്ടമ്പൂര്‍ വയല്‍. ഇരുവള്ളൂര്‍ പ്രദേശത്തെ മുപ്പറ്റ അഹമ്മദുകുട്ടി സ്ഥാപിച്ച പുന്നൂര്‍ ചെറുപാലം ജുമാ അത്ത് പള്ളിയാണ് കാക്കൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന മുസ്ളീം പള്ളി. നൂറുവര്‍ഷത്തിലധികം പഴക്കം ഇതിനുണ്ടാകും. ലാളിത്യവും സാരള്യവും ഓളംവെട്ടുന്ന നാടോടിപ്പാട്ടുകള്‍ കൊണ്ട് സമൃദ്ധമാണ് ഈ ഗ്രാമം. പാണര്‍, മണ്ണാന്‍, ഹരിജന്‍ സമുദായക്കാര്‍ തലമുറകളിലൂടെ വാമൊഴിയായി കൈമാറിവന്നതാണ് ഈ നാടോടിപ്പാട്ടുകളൊക്കെ. പഞ്ചായത്തു ഭരണസംവിധാനം നിലവില്‍ വന്ന 1956-ല്‍ ഈ പഞ്ചായത്തിന്റെ പേരു നടുവല്ലൂര്‍ പഞ്ചായത്ത് എന്നായിരുന്നു. കൈപൊക്കി വോട്ടു രേഖപ്പെടുത്തുന്ന സമ്പ്രദായത്തിലൂടെയായിരുന്നു നടുവല്ലൂര്‍ പഞ്ചായത്തുബോര്‍ഡ് 1956-ല്‍ രൂപീകരിച്ചത്. അന്ന് പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്ന സമ്പ്രദായമായിരുന്നു നിലവിലിരുന്നത്. ജന്മി-നാടുവാഴിത്ത സമ്പ്രദായത്തിനെതിരെ പാവപ്പെട്ടവര്‍ നടത്തിയ ഒളിഞ്ഞും തെളിഞ്ഞുമുള്ള പേരാട്ടങ്ങളുടെ ഒട്ടനവധി വീരഗാഥകള്‍ ഈ നാടിനു പറയാനുണ്ട്. പൊതുവഴിയില്‍ വെച്ച് പേനക്കത്തി കാട്ടി ജന്മിയില്‍ നിന്നും പാട്ടശീട്ട് എഴുതിവാങ്ങിയ സംഭവവും ഈ നാട്ടിലുണ്ടായിട്ടുണ്ട്. ജന്മി-നാടുവാഴികളുടെ മാടമ്പിത്തരത്തെയോ വൈദേശികാധിപത്യത്തെയോ ഒരിക്കലും അംഗീകരിക്കുകയോ പൊറുപ്പിക്കുകയോ ചെയ്യാത്ത ഒരു ചരിത്രമാണ് ഈ ഗ്രാമത്തിനുള്ളത്. 1930-ലെ ഉപ്പുസത്യാഗ്രഹത്തോടു കൂടിയാണ് കാക്കൂരില്‍ ദേശീയപ്രസ്ഥാനം ശക്തിപ്പെട്ടത്. കോഴിക്കോട് കടപ്പുറത്തെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത് ക്രൂരമായി പോലീസ് മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചവരാണ് തേറിയില്‍ സി.പി.നാരായണന്‍ നായരും പുതിയേടത്ത് ഉണ്ണീരിക്കുട്ടിയും. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച് നടന്ന ഹരിജനോദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ഹരിജന്‍ സേവാസംഘം 1936-ല്‍ കാക്കൂരില്‍ സ്ഥാപിതമായി. വളരെ ദരിദ്രമായ ഒരു വ്യവസായമേഖലയാണ് പഞ്ചായത്തിലുള്ളത്. പഞ്ചായത്തില്‍ എഴുപതുകളുടെ മധ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച കോക്കനട്ട് കോംപ്ളക്സ് തൊണ്ണൂറുകള്‍ വരെ നന്നായി പ്രവര്‍ത്തിച്ചിരുന്നു. പക്ഷേ പ്രസ്തുത വ്യവസായം സൃഷ്ടിച്ച ജലമലിനീകരണം പരിസരവാസികള്‍ക്ക് ഏറെക്കാലം ശുദ്ധജലദൌര്‍ലഭ്യം വരുത്തിത്തീര്‍ത്തു. കാക്കൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന റോഡുകളാണ് ബാലുശ്ശേരി-കോഴിക്കോട് റോഡും, നന്മണ്ട-പടനിലം റോഡും. നിലമ്പൂര്‍ കോവിലകം-ബാലുശ്ശേരി കോട്ട നടപ്പാതയാണ് പിന്നീട് നന്മണ്ട-പടനിലം റോഡും അനുബന്ധറോഡുമായി പരിണമിച്ചതെന്നു പഴമക്കാര്‍ പറയുന്നു. സമ്പന്നമായ ഒരു സംസ്കാരത്തിന്റെ ഉറവിടമായിരുന്നു പണ്ടുമുതലേ ഈ ഗ്രാമം. ഒട്ടനേകം ജാതികളും, ഉപജാതികളും, മതങ്ങളും സാംശീകരിച്ചുനല്‍കിയ ഒരു സമ്മിശ്രസംസ്കാരമാണ് ഈ ഗ്രാമത്തിനുള്ളത്. അതുകൊണ്ടുതന്നെ ഈ ഗ്രാമത്തിലെ ജനങ്ങള്‍ എല്ലാകാലത്തും സാഹോദര്യത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രദ്ധിച്ചിരുന്നു. രാജഭരണത്തിന്റെ പോര്‍വിളിയും ടിപ്പുവിന്റെ പടയോട്ടവും അനുഭവിച്ചറിഞ്ഞവരാണ് ഇവിടുത്തെ പൂര്‍വ്വികര്‍. ശ്രീരംഗപട്ടണം സന്ധിയോടുകൂടി മദ്രാസിന്റെ ഭാഗമായി മാറിയ ഈ ഗ്രാമവും തുടര്‍ന്ന് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലായി. ഭരണാധികാരിവര്‍ഗ്ഗത്തിന്റെ കിരാതവാഴ്ചക്കെതിരെയുള്ള പ്രതിരോധത്തില്‍ ഈ ഗ്രാമവും പുറകിലായിരുന്നില്ല.
വിദ്യാഭ്യാസ സാംസ്കാരികചരിത്രം
പഞ്ചായത്തിലെ പ്രബലമായ മതവിഭാഗങ്ങള്‍ ഹിന്ദുക്കളും, മുസ്ളീങ്ങളുമാണ്. പഞ്ചായത്തിലെ വിവിധഭാഗങ്ങളിലായി മുപ്പത്തേഴോളം ക്ഷേത്രങ്ങളും, പതിനഞ്ചാളം മുസ്ളീം പള്ളികളുമുണ്ട്. ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഉത്സവം, തിറ, മുടിയാട്ടം, നാഗപ്പാട്ട്, കളംപാട്ട്, വിഷുവിളക്ക്, അയ്യപ്പന്‍ വിളക്ക് എന്നീ ആഘോഷങ്ങള്‍ നടക്കാറുണ്ട്. ദശാവതാരക്ഷേത്രങ്ങള്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുന്നു എന്നത് ഈ പ്രദേശത്തിന്റെ ഒരു പ്രത്യേകതയാണ്. മുസ്ളീംപള്ളികളില്‍ നബിദിനഘോഷയാത്രകളും മതപ്രഭാഷണങ്ങളും നടക്കാറുണ്ട്. എഴുത്തുപളളിയായി ആരംഭം കുറിച്ച വിദ്യാലയമാണ് പിന്നീട് 1907-ല്‍ കാക്കൂര്‍ എ.എല്‍.പി.സ്കൂളായി മാറിയത്. രാമല്ലൂര്‍ എ.എല്‍.പി.സ്കൂള്‍, പുന്നശ്ശേരി സൌത്ത് എ.എം.എല്‍.പി. സ്കൂള്‍, പുന്നശ്ശേരി എ.എം.യു.പി.സ്കൂള്‍ എന്നിവയുടെയും ചരിത്രം ഇങ്ങനെ തന്നെ. പുറമേനിന്നും വന്ന എഴുത്താശാന്മാരായിരുന്നു ഈ വിദ്യാലയങ്ങളില്‍ അക്ഷരം പഠിപ്പിച്ചിരുന്നത്. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ആരംഭിച്ച എഴുത്തുപള്ളികള്‍ ധാരാളമായി പഞ്ചായത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായിരുന്നു. 1907-ല്‍ സ്ഥാപിച്ച കാക്കൂര്‍ എലിമെന്ററി സകൂളാണ് പഞ്ചായത്തിലെ ആദ്യത്തെ ഔപചാരിക വിദ്യാഭ്യാസസ്ഥാപനം. സ്കൂളാകുന്നതിനു മുമ്പ് ഇതൊരു എഴുത്തുപള്ളിക്കൂടമായിരുന്നു. ഇതോടൊപ്പം തന്നെ കാരക്കുന്നത്ത്, രാമല്ലൂര്‍, നെല്ലിക്കുന്ന്, ഈന്താട് എന്നിവിടങ്ങളിലും എഴുത്തുപള്ളിക്കൂടങ്ങളുണ്ടായിരുന്നു. അന്യദേശക്കാരായ എഴുത്തച്ഛന്മാരായിരുന്നു ഈ പള്ളിക്കൂടങ്ങള്‍ നടത്തിയിരുന്നത്. 1928-ല്‍ കണ്ടോത്ത് പാറയില്‍ പുതുക്കിടി പറമ്പത്ത് ഇമ്പിച്ചിക്കോയ, കാരക്കണ്ടത്തില്‍ അഹമ്മദ് കുട്ടി എന്നിവര്‍ സ്ഥാപിച്ച മാപ്പിള സ്കൂളാണ് ഇന്നത്തെ ഐ.പി.സി.എ.എം.എല്‍.പി.സ്കൂള്‍. ഹരിജനങ്ങള്‍ക്കു വിദ്യാലയങ്ങളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് അവര്‍ക്കുവേണ്ടി കാക്കൂരില്‍ നിശാപാഠശാല സ്ഥാപിച്ച ചേറുണ്ണിമാസ്റ്ററുടെ നാമം ഇത്തരുണത്തില്‍ സ്മരണീയമാണ്. പഴയകാലത്തെ സ്കൂളുകള്‍ നടത്തിക്കൊണ്ടുപോവുക എളുപ്പമായിരുന്നില്ല. എപ്പോഴെങ്കിലും ലഭിക്കുന്ന തുച്ഛമായ ഗ്രാന്റ് മാത്രമായിരുന്നു സ്ക്കൂളിന്റെ നിലനില്‍പ്പിനാധാരം. മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാര്‍ പ്രദേശത്ത് വിദ്യാഭ്യാസകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്, മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡായിരുന്നു. കേരളപ്പിറവിക്കു ശേഷമാണ് ഇന്നത്തെ സ്ഥിതി കൈവരിച്ചത്. ഇന്നാകട്ടെ, ബിരുദാനന്തര ബിരുദധാരികള്‍ പോലും പഞ്ചായത്തില്‍ ഏറെയുണ്ട്. കോഴിക്കോട് ജില്ലയിലെ മികച്ച ലൈബ്രറികളില്‍ ഒന്നാണ് കാക്കൂര്‍ ഗ്രാമീണ റീഡിംഗ് റൂം ആന്റ് ലൈബ്രറി. 1940-കളില്‍ മലബാറില്‍ ശക്തി പ്രാപിച്ച ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി രൂപം കൊണ്ടതാണിത്.