പ്രധാന സ്ഥലങ്ങള്‍

പുക്കുന്ന് മല : കോഴിക്കോടിന്റെ മീശപ്പുലിമല

കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലാണ് സമുദ്രനിരപ്പിൽനിന്നും ഏകദേശം 1500 അടി ഉയരമുള്ള പുക്കുന്ന് മല സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്നും ബാലുശ്ശേരി റൂട്ടിൽ  ഏകദേശം ഇരുപത് കിലോമീറ്റർ ദൂരമാണ് ഇവിടേക്കുള്ളത്. നന്മണ്ട, തലക്കുളത്തൂർ പഞ്ചായത്തുകളുമായി ഈ മല അതിർത്തി പങ്കിടുന്നു. കാക്കൂർ-11 (പതിനൊന്നാം മൈൽ), കാക്കൂർ-11/4, പാവണ്ടൂർ  എന്നിവിടങ്ങളിലൂടെ ഇവിടേക്ക് പ്രവേശിക്കാം . 

        ഉദയവും അസ്തമനവുമാണ് ഇവിടുത്തെ പ്രധാന കാഴ്ച. അപൂർവ്വങ്ങളായ പക്ഷികൾ, ചിത്രശലഭങ്ങൾ, സസ്യങ്ങൾ, പൂക്കൾ എന്നിവയാൽ സമ്പന്നമാണ് പുക്കുന്ന് മല. സഞ്ചാരികൾക്കിടയിൽ ‘കോഴിക്കോടിന്റെ മീശപ്പുലിമല’ എന്നറിയപ്പെടുന്ന ഇവിടേക്ക് മറ്റ് ജില്ലകളിൽനിന്നുപോലും ഇന്ന് ധാരാളം ആളുകൾ ആകർഷിക്കപ്പെടുന്നുണ്ട്. അറബിക്കടലിന്റേയും കോഴിക്കോട് നഗരത്തിന്റെയും ദൂരക്കാഴ്ച ലഭിക്കുന്ന മലമുകളിൽ സദാസമയവും വീശിക്കൊണ്ടിരിക്കുന്ന ശക്തമായ കാറ്റ് യാത്രക്കാർക്ക് പുത്തനുണർവ് നൽകുന്നു. മനോഹരമായ പുൽമേടും ഗുഹകളും പാറക്കൂട്ടങ്ങളും താഴ്വാരങ്ങളെ ജലസമ്പുഷ്ടമാക്കി പച്ചപ്പണിയിക്കുന്ന അരുവികളും സന്ദർശകർക്ക് കണ്ണിന് കുളിരേകുന്നു. കേരളത്തിൽ മറ്റെവിടെയുമില്ലാത്ത ദശാവതാരക്ഷേത്രങ്ങൾ ഈ മലയുടെ താഴ്വാരങ്ങളിലായാണ് സ്ഥിതിചെയ്യുന്നത്. ദളിത് വിഭാഗക്കാരുടെ അനുഷ്ഠാനങ്ങൾക്ക് പ്രാധാന്യമുള്ളതും തിറ മഹോത്സവത്തിന് പേര് കേട്ടതുമായ കല്ലുമ്പുറം ക്ഷേത്രം നിലകൊള്ളുന്നത് പുക്കുന്ന് മലയിലാണ്. പാറക്കെട്ടുകളാൽ ചുറ്റപ്പെട്ടതും നീരുറവകളാൽ സമൃദ്ധവുമായ ഈ പ്രദേശം ആരേയും ആകർഷിക്കുന്നതാണ്. നഗരജീവിതത്തിരക്കിൽനിന്നും മോചനമാഗ്രഹിക്കുന്ന ആർക്കും പുക്കുന്നിലേക്കുള്ള ഒരു ട്രക്കിങ്ങ് ഏറെ ആഹ്ലാദകരമായ അനുഭവമാകും. 

        കോഴിക്കോട് ജില്ലയിലെ മറ്റ് മലയോരട്രക്കിങ് കേന്ദ്രങ്ങളെ അപേക്ഷിച്ച് നഗരത്തിൽനിന്നും ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്തിച്ചേരാവുന്ന പ്രദേശമാണിത്. സർക്കാറിന്റെ പരിഗണനകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ലാത്ത ഈ പ്രദേശം ഇക്കോ-ടൂറിസത്തിന് വളരെ സാധ്യത കളുള്ളതാണ്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് നിരവധി സഞ്ചാരികളാണ് ഇന്ന് ഇവിടെ എത്തിച്ചേരുന്നത്. പ്രഭാതത്തിൽ നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കോടമഞ്ഞിൽകുളിച്ച മലയുടെ കാഴ്ച ഏവർക്കും നവ്യാനുഭവം പകർന്നുനൽകുന്നു. അതിനാൽത്തന്നെയാവാം ഈ മല സഞ്ചാരികൾക്കിടയിൽ ‘കോഴിക്കോടിന്റെ മീശപ്പുലിമല’ എന്നറിയപ്പെടുന്നത്.

 

        

പുക്കുന്ന് മല